Friday, February 15, 2013

ജീവിതത്തിന്റെ ലക്ഷ്യമെന്ത്?

ഞാന്‍ ആരാണ്‌...? ഞാന്‍ എന്ന തത്വം ഈ ശരീരമാണോ അതോ മറ്റെന്തെങ്കിലുമാണോ? എന്താണ്‌ ഈ പ്രപഞ്ചരഹസ്യം? എങ്ങനയാണ്‌ ഈ പ്രപഞ്ചം ഉണ്ടായത്‌ ? ഈ ലോകത്തിനൊരവസാനമുണ്ടോ? ഈ ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും ചലിപ്പിക്കുന്ന ശക്തിയേത്‌? പഠിക്കുന്തോറും കൂടുതല്‍ കൂടുതല്‍ അറിവുകള്‍ ഉള്‍ത്തിരിഞ്ഞുവരുന്ന, ഓരോചെറിയ അവയവത്തിനും അതിന്റേതായ കര്‍ത്തവ്യങ്ങള്‍ മുന്‍കൂട്ടി നിര്‍ദ്ദേശിച്ച, അതിസങ്കീര്‍ണ്ണഘടനയുള്ള, മനുഷ്യശരീരം സ്വയം സൃഷ്ടിക്കപ്പെട്ടതാണോ? എന്താണ്‌ ഈ ജീവിതത്തിന്റെ ലക്ഷ്യം? എന്തുകൊണ്ടാണ്‌ മനുഷ്യര്‍ക്ക്‌ സുഖദുഃഖങ്ങള്‍ ഉണ്ടാകുന്നത്‌? നന്മ ചെയ്യുന്നവര്‍ പലരും ദുഃഖങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുകയും, അതേസമയം അന്യരെ വഞ്ചിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവര്‍ സന്തോഷത്തോടെ ജീവിക്കാനിടയാവുകയും ചെയ്യുന്നതെന്തുകൊണ്ട്‌? ഇങ്ങനെ ഒരുപാട്‌ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ നാം മനസ്സില്‍ കൊണ്ടുനടക്കാറുണ്ട്‌... സത്യാന്വേഷണം അല്ലെങ്കില്‍ ആത്മീയാന്വേഷണ പാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം കാണാനാകൂ...

ഇത്തരം അറിവുകളിലേക്ക്‌ വെളിച്ചം വീശുന്ന ഗ്രന്ഥങ്ങള്‍ വായിച്ചുമനസ്സിലാക്കിയാല്‍ മതി എന്നു ചിന്തിക്കുന്നവരുണ്ട്‌ . എന്നാല്‍, ഒരു സൃഷ്ടിയെക്കുറിച്ച്‌ ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുക അതിന്റെ ഉടമസ്ഥനോ, അത്‌ വില്‍പ്പനയ്‌ക്ക്‌ വെച്ച ആള്‍ക്കോ അല്ല മറിച്ച്‌ അതിന്റെ സ്രഷ്ടാവിനായിരിക്കും.... അങ്ങനെ ചിന്തിച്ചാല്‍, ഈ പ്രപഞ്ചത്തേയും അതിലെ സകലജീവജാലങ്ങളേയും കുറിച്ച്‌ 100% ശരിയായ ജ്ഞാനം നല്‍കാന്‍ കഴിവുള്ള ഒരേ ഒരാള്‍ അതിന്റെയെല്ലാം സ്രഷ്ടാവെന്നു നാം വിശ്വസിക്കുന്ന പരമാത്മാവ്‌ അഥവാ the supreme soul ന്‌ തന്നെയാണെന്നു മനസ്സിലാക്കാം.

അപ്പോള്‍ പരമാത്മാവില്‍ നിന്ന്‌ നേരിട്ടുള്ള ജ്ഞാനമാണ്‌ ഏറ്റവും Accurate ... പക്ഷേ അതെങ്ങനെ ലഭിക്കും? ഈശ്വരന്‌ നേരിട്ടു നമ്മളുമായി സംവദിക്കാന്‍ കഴിയുമോ? ഈശ്വരന്‍ നമ്മെക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലാണ്‌. നേരിട്ടുള്ള ആ ജ്ഞാനം ഉള്‍ക്കൊള്ളാനുള്ള പരിശുദ്ധതയും മനഃശക്തിയും നമ്മുടെ ശരീരങ്ങള്‍ക്കില്ല. അപ്പോള്‍ ഈശ്വരന്റെ നിലവാരത്തിലേക്ക്‌ നമ്മെ ഉയര്‍ത്തുകയാണ്‌ ആദ്യം നാം ചെയ്യേണ്ടത്‌. അതായത്‌ ഈശ്വരനെപ്പോലെയാവുക എന്നര്‍ത്ഥം. അതിനായി നമ്മുടെ മനസ്സും ശരീരവും പരിശുദ്ധമാക്കേണ്ടതുണ്ട്‌.

യോഗ ആണ്‌ സത്യാന്വേഷണത്തിനുള്ള ആദ്യ ചവിട്ടുപടി. ശരീരത്തേയും മനസ്സിനെയും ഇത്തരം ജ്ഞാനങ്ങള്‍ സ്വീകരിക്കാനായി പ്രാപ്‌തമാക്കുകയാണ്‌ യോഗ ചെയ്യുന്നത്‌. മനസ്സും ശരീരവും മാലിന്യങ്ങളില്ലാതെ നിര്‍മ്മലമായാല്‍ മാത്രമേ ജ്ഞാനപ്രാപ്‌തിക്കുള്ള നിലവാരത്തിലേക്ക്‌ നാം എത്തൂ. യോഗം (Union) എന്നാല്‍ കൂടിച്ചേരല്‍ എന്നര്‍ത്ഥം. ഇവിടെ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരലിനെയാണ്‌ യോഗം എന്നു വിവക്ഷിക്കുന്നത്‌. യോഗത്തെക്കുറിച്ച്‌ കൂടുതല്‍ പിന്നീടൊരിക്കല്‍....