Friday, April 20, 2012

പരമമായ ശാന്തി എവിടെ ലഭിക്കും?

പതിറ്റാണ്ടുകളായി മനുഷ്യന്‍ തേടിയലഞ്ഞ, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന അന്വേഷണം... അത് ആത്മശാന്തി ഒന്നിനുവേണ്ടി മാത്രം.. പണവും പ്രതാപവുമുണ്ടായിട്ടും പലര്‍ക്കും മനഃശാന്തി അപ്രാപ്യമാവുന്നു. ചിലര്‍ ക്ഷേത്രങ്ങളിലും പള്ളികളിലും മനഃശാന്തിയ്ക്കുവേണ്ടി അലയുന്നു... മറ്റു ചിലര്‍ പൂജകള്‍ ചെയ്തും യാത്രകള്‍ നടത്തിയും ആത്മീയാചാര്യന്മാരുടെ ദര്‍ശനങ്ങള്‍ക്കുവേണ്ടി പാടുപെട്ടും ക്ഷീണിതരാവുന്നു.. താല്‍ക്കാലികമായ നേട്ടങ്ങളുണ്ടാവുമെന്നതൊഴിച്ചാല്‍ പരിപൂര്‍ണ്ണമായ ശാന്തി ഇവരെയൊന്നും അനുഗ്രഹിക്കുന്നില്ല. മരുന്നുകഴിക്കുമ്പോള്‍ മാത്രം രോഗം കുറയുന്നതുപോലെയാവുന്നു ഇത്.. അപ്പോള്‍ എവിടെയാണ് കുഴപ്പം?

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എവിടെ അന്വേഷിക്കണം? 

അധികമൊന്നും അന്വേഷിച്ചലയേണ്ട.. ജീവാത്മാവിന്റെ സ്ഥായിയായ ഗുണമാവുന്നു ശാന്തി. അതായത് നമ്മള്‍ അന്വേഷിച്ചുനടക്കുന്ന ശാന്തി മറ്റെവിടെയുമല്ല നമ്മുടെ ഉള്ളില്‍തന്നെയുണ്ടെന്ന്...! പലപല ജന്മങ്ങളിലായി ലൗകിക ജീവിതരീതിയുടെ നിരന്തരഇടപെടലുകള്‍ നിമിത്തം ആത്മാവിന്റെ ഈ സ്വത്വഗുണം കൈമോശം വന്നുപോവുകയും അതിനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കാര്‍മേഘം മൂടിയ പൂര്‍ണ്ണചന്ദ്രനെപ്പോലെ, ആത്മാവിന്റെ തനതായ ശാന്തിഗുണത്തില്‍ കര്‍മ്മങ്ങളുടെ ബാഹ്യശക്തികളുടെയും കറ പുരണ്ടുപോവുന്നു. ഈശ്വരന്‍ എന്നു നാം വിളിക്കുന്ന ആ പരമാത്മാവുമായി നാം കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഈ കറ നീങ്ങി ആത്യന്തികമായ ശാന്തി ലഭിച്ച് ആത്മാവ് വീണ്ടും പരിശുദ്ധമാവുകയുള്ളൂ. ജീവാത്മാവിന്റെ പരമാത്മാവുമായുള്ള ഈ കൂടിച്ചേരലാണ് ഋഷിമാരാല്‍ എഴുതപ്പെട്ട ഭാരതീയ പുരാണങ്ങളില്‍ കാണുന്ന 'യോഗം'.

ശാന്തിയിലേക്കുള്ള വഴികള്‍ ഏതൊക്കെ?


വിദേശരാജ്യങ്ങളിലെത്താന്‍ ഒന്നുകില്‍ കപ്പല്‍മാര്‍ഗ്ഗം പോവാം, അല്ലെങ്കില്‍ വിമാനമാര്‍ഗ്ഗം പോവാം. അതല്ലെങ്കില്‍ നമുക്ക് യുക്തമായ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. എന്തായാലും ലക്ഷ്യസ്ഥാനത്തെത്തും. പക്ഷേ ചിലത് ഒരുപാട് സമയ നഷ്ടമുണ്ടാക്കുന്നു അല്ലെങ്കില്‍ വൃഥാ ധനനഷ്ടമുണ്ടാക്കുന്നു എന്നുമാത്രം. അതുപോലെ തന്നെ യോഗത്തിനായി ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. പൂജ, ജപം, ധ്യാനം, യോഗ അങ്ങനെ പോവുന്നു അവ.. ഇവിടെ ഹ്രസ്വമായ(?) മനുഷ്യജീവിതത്തില്‍ കാലതാമസമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തുന്നതേതോ അതുസ്വീകരിക്കുകയാണ് അഭികാമ്യം. 

പൂജ, ജപം, ഈശ്വരപ്രാര്‍ത്ഥന ഇവയൊക്കെ മതിയാവുന്നതല്ലേ..?

യഥാര്‍ത്ഥത്തില്‍ ആദിയുഗമായ സത്യയുഗത്തില്‍ (കൃതയുഗം) പൂജ, ജപം തുടങ്ങിയവ ഉണ്ടായിരുന്നില്ല. അപ്പോള്‍ മനുഷ്യരെല്ലാവരും ദേവസമാനമായിരുന്നു. ആര്‍ക്കും ആരെയും പൂജിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മനുഷ്യന്റെ ആത്മപരിശുദ്ധി നഷ്ടമായപ്പോള്‍ മുതലാണ് ഇവയൊക്കെ ആരംഭിച്ചത്. പല മതങ്ങള്‍ രൂപപ്പെട്ടു. ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നിര്‍മ്മിക്കപ്പെട്ടു. നേരത്തെ പറഞ്ഞതുപോലെ ഇവയൊന്നും ശാശ്വതശാന്തിയ്ക്കുള്ള ഉപാധികളല്ല.

അപ്പോള്‍ പറഞ്ഞുവരുന്നതെന്താ..?

ഈശ്വരനുമായി ഉപാധികളില്ലാത്ത സ്‌നേഹം തന്നെയാണ് കരണീയമായത്. അപ്പോള്‍ മാത്രമേ ദിവ്യശാന്തി അനുഭവിക്കാന്‍ കഴിയൂ. അതിനായി മനസ്സും ശരീരവും പാകപ്പെടുത്തണം. കര്‍മ്മങ്ങള്‍ പരിപക്വമാവണം. കാമക്രോധ ലോഭ മോഹാദികള്‍ ത്യജിക്കണം. എന്നുവെച്ച് വീടും ഉറ്റവരെയും വിട്ട് കാനനത്തില്‍പോയി സന്യസിക്കണം എന്നില്ല. ഗൃഹസ്ഥരായിക്കൊണ്ടുതന്നെ ഈശ്വരനുമായുള്ള യോഗം സാധ്യമാണ്. ചിന്തകള്‍ ശുദ്ധവും ധനാത്മകഊര്‍ജ്ജം (Postive) പരത്തുന്നവയുമായിരിക്കണം. അതായത് അസൂയ, കുശുമ്പ്, ദേഷ്യം മുതലായവ തരിമ്പും പാടില്ലെന്ന് തന്നെ. വിപരീതപരിസ്ഥിതികളില്‍ അക്ഷോഭ്യനായിരിക്കുക. 'ഇതെല്ലാം നടന്നതുതന്നെ' എന്ന് ചിന്തിക്കാന്‍ വരട്ടെ... ശ്രമിച്ചുകൊണ്ടേയിരിക്കുക. ആകാശം ഇടിഞ്ഞുവിണാലും ഞാന്‍ കോപിക്കില്ലെന്ന് തീരുമാനിക്കുക. ഒരുനാള്‍ നിങ്ങള്‍ വിജയിയായിത്തീരും.

ധ്യാനം സഹായകമാണോ.. അതിന്റെ ഗുണഫലങ്ങളെന്തൊക്കെ?

എനിക്കെന്നെ നന്നായി അറിയാമെന്ന് വീമ്പുപറയാന്‍ വരട്ടെ. ഒരാള്‍ക്ക് അയാളെയും സര്‍വ്വചരാചരങ്ങളേയും പൂര്‍ണമായി മനസ്സിലാക്കാന്‍ ധ്യാനത്തിലൂടെയേ കഴിയൂ.. അതായത് അന്തര്‍മുഖമായ കാഴ്ചയാണ് ധ്യാനം. സ്വസ്ഥമായിരുന്ന് നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അവിടെനിന്ന് ലഭിക്കുന്ന അറിവുകളാകുന്ന മുത്തുകളും പവിഴങ്ങളും വാരുക. വിസ്മയകാഴ്ചകളിലൂടെ സഞ്ചരിക്കുക. അനാദിയായ പ്രപഞ്ചത്തെയും ബ്രഹ്മത്തേയും അറിയുക. ഇതെല്ലാം ധ്യാനത്തിലൂടെ സാധ്യമാണ്. ആത്മശാന്തിയിലേക്കുള്ള പ്രധാനപ്പെട്ട പടവുകളിലൊന്ന് ധ്യാനമെന്നതും അറിയുക.

അപ്പോള്‍ ശാന്തിയിലേക്കുള്ള ഓരോ പടവും കയറാന്‍ നിങ്ങളോരോരുത്തരും തയാറല്ലേ?