Tuesday, November 20, 2012

മതമൈത്രിയുടെ മഹനീയസന്ദേശം പകരുന്ന ശബരിമല


മറ്റൊരു മണ്ഡലക്കാലം കൂടി വന്നെത്തി. വ്രതാനുഷ്ഠവും ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തര്‍ അത് ഏതുമതവിശ്വാസിയായാലും പണക്കാരനായാലും പാവപ്പെട്ടവനായാലും പണ്ഡിതനായാലും പാമരനായാലും ശബരിമലയില്‍ ഉച്ചനീചത്വങ്ങളില്ല.. അവര്‍ക്കെല്ലാം ഒരേ ഒരു നാമമേയുള്ളൂ... സ്വാമി...

കല്ലും മുള്ളുമാകുന്ന ജീവിതദുരിതങ്ങള്‍ താണ്ടി ആത്മസാക്ഷാത്കാരത്തിന്റെ പതിനെട്ടുപടികളും കടന്ന് അവസാനം തിരുസന്നിധിയിലെത്തുമ്പോള്‍ 'തത്വമസി'(തത് + ത്വം + അസി- അത് നീ തന്നെയാകുന്നു) എന്ന തിരിച്ചറിവ് ഭക്തന് ലഭിക്കുന്ന വേറെ ഏത് ആരാധനാലയമാണുള്ളത്... നീ ആരെ കാണാന്‍ വന്നുവോ അത് നിന്നില്‍ തന്നെ അടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. സര്‍വ്വജീവജാലങ്ങളിലുമുള്ള പരബ്രഹ്മം (The supreme Soul) തന്നെയാണ് തന്നിലും അടങ്ങിയിരിക്കുന്നത് എന്നുള്ള ജ്ഞാനം...

പതിനെട്ടുപടി കയറാനുള്ള യോഗ്യത യമനിയമങ്ങളാകുന്ന യോഗശാസ്ത്രതത്വങ്ങള്‍ തന്നയാണ്. അതിനുവേണ്ടി മനസ്സും ശരീരവും പാകപ്പെടുത്താനുള്ള 41 ദിവസത്തെ വ്രതാനുഷ്ഠാനം... സ്വാമി (God) യെ ഭജിച്ച് സര്‍വ്വസംഗപരിത്യാഗിയായി വ്രതം അനുഷ്ഠിക്കുന്നതോടെ ഭക്തന്‍ സ്വാമി തന്നെയായിത്തീരുന്നു. അതായത് ദൈവത്തിന്റെ തലത്തിലേക്കുയരുന്നു. 

ഭക്തര്‍ അനുവര്‍ത്തിക്കുന്ന ചടങ്ങുകളിലും ഈ തത്വം അന്തര്‍ലീനമായി കാണാം. നാളികേരത്തില്‍ നെയ് നിറച്ച് അടക്കുന്ന നെയ്‌ത്തേങ്ങയാണ് ഇരുമുടി്‌ക്കെട്ടിലാക്കി ഭക്തര്‍ സ്വാമിക്ക് അഭിഷേകത്തിനായി കൊണ്ടുപോകുന്നത്. ഇതിലെ നാളികേരം ശരീരത്തേയും ഉള്ളിലെ നെയ് ആത്മാവിന്റേയും പ്രതീകമാണ്. 
നെയ്യ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും ബാക്കിവരുന്ന നാളികേരം അഗ്നിയില്‍ എറിയുകയുമാണ് ചെയ്യുന്നത്. നശ്വരമായ ഈ ശരീരത്തെ ത്യജിച്ച് 
ആത്മാവിനെ ഈശ്വരനില്‍ ലയിപ്പിക്കണമെന്ന തത്വമാണ് ഇതിലൂടെ തെളിയിക്കുന്നത്.

                       
മറ്റൊരു ഹിന്ദുആരാധനാലയത്തിലും കാണാത്ത മതമൈത്രിയും ഇവിടെ ദര്‍ശിക്കാം. മലകയറുന്ന ഭക്തര്‍ എരുമേലിയിലെ വാവരുടെ മുസ്ലിം പള്ളിയില്‍ ചെന്ന് അനുഗ്രഹം വാങ്ങും... യുദ്ധത്തില്‍ അയ്യപ്പന്റെ സുഹൃത്തായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന വാവര്‍, മക്കംപുരയില്‍ ഇസ്മായില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണെന്ന് 'ബാവര്‍ മാഹാത്മ്യം' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. എരുമേലിയില്‍ എത്തുന്ന സ്വാമിമാര്‍ വാവരുസ്വാമിയെ കണ്ട് കുരുമുളക് വഴിപാട് നല്‍കി യാത്ര തുടരുന്നു..

അയ്യപ്പന്റെ സുഹൃത്തായിരുന്ന വെളുത്തച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ഫെനിഷ്യോയെ അര്‍ത്തുങ്കല്‍ പള്ളിയില്‍ ചെന്നുകണ്ട് അയ്യപ്പഭക്തര്‍, ശബരിമലദര്‍ശനം കഴിഞ്ഞ് മാല അഴിക്കുന്ന പതിവുമുണ്ട്. കളരിപരിശീലനകാലത്ത് പരിചയപ്പെട്ട, കല, സാഹിത്യം, കളരി മുതലായവയില്‍ തല്‍പ്പരനായിരുന്നു ഫാദര്‍ ഫെനിഷ്യോ എന്ന് പറയപ്പെടുന്നു.

ബ്രാഹ്മണനും ചണ്ഡാളനും ഇവിടെ മലകയറി സ്വാമിയെ ദര്‍ശിക്കാം. ആത്മജ്ഞാനത്തിന് ആര്‍ക്കും അയോഗ്യതയില്ലെന്ന് സ്വാമി ഇതിലൂടെ വ്യക്തമാക്കുന്നു. ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണന്‍. പൂണൂലിട്ടാല്‍ മാത്രം നേടാവുന്ന ഒന്നല്ല അത്. അധഃകൃതര്‍ക്കും വ്രതാനുഷ്ഠാനത്താല്‍ പതിനെട്ടുപടി കയറി ആത്മജ്ഞാനത്തിന്റെ പടവുകള്‍ താണ്ടാം.

ഞാന്‍ ആരാണ് എന്നന്വേഷിച്ച് കൊട്ടാരം വിട്ടിറങ്ങിയ ശ്രീബുദ്ധന്റെ ആശയങ്ങളുമായി ഇതിന് സാമ്യമുണ്ടെന്ന് കാണാം. അയ്യപ്പനും കൊട്ടാരം വിട്ടിറങ്ങി മലമുകളില്‍ തപസ്സു ചെയ്യുകയായിരുന്നെന്നാണ് ഐതിഹ്യം. ശബരിമല ക്ഷേത്രം പുരാതനകാലത്ത് ബുദ്ധമതക്ഷേത്രമായിരുന്നെന്നും പറയപ്പെടുന്നു. 'ബുദ്ധം ശരണം ഗച്ഛാമി', 'സ്വാമിശരണം' ഇവ തമ്മിലും സാമ്യം കാണാം. 

കാലത്തിനനുസരിച്ചുള്ള മാറ്റം ശബരിമലയില്‍ ആധുനികതയുടെ കടന്നാക്രമണത്തിനു വഴിവെച്ചുവെങ്കിലും മലയിലേക്കുള്ള ഭക്തരുടെ പ്രവാഹത്തിന് ഇന്നും കുറവുവന്നിട്ടില്ല. ശരണംവിളികള്‍ കൊണ്ട് വനാന്തരങ്ങള്‍ മുഖരിതമാക്കി അവര്‍ ചെങ്കുത്തായ മലകള്‍ താണ്ടിയെത്തുന്നു. കന്നി അയ്യപ്പന്‍മാര്‍ തറച്ചിട്ട ശരംകുത്തിയിലെ ശരങ്ങള്‍ കണ്ട് ഓരോ തവണയും മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാനാവാത്ത നിരാശയില്‍ മടങ്ങിപ്പോവുന്നു....