Wednesday, July 4, 2012

എന്താവും ഈ കഥയിലെ ക്ലൈമാക്‌സ്...?

    ഇന്ന് വായിച്ച ഒരു വാര്‍ത്തയാണ് പെട്ടെന്നൊരു ബ്ലോഗ് പോസ്റ്റിന് പ്രേരണയേകിയത്. സംഭവം ഇതാണ് - പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് പഠിക്കാന്‍ ജനീവയില്‍ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചുള്ള കണികാപരീക്ഷണത്തില്‍ ദൈവകണം എന്നു വിളിക്കുന്ന ഹിഗ്‌സ് ബോസോണി (Higgs Boson) ന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചത്രേ. 

        പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്‍ക്കുന്നെന്ന് സംശയിക്കുന്ന ഈ കണത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ നീക്കാനാണ് ശാസ്ത്രജ്ഞര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഈ വാര്‍ത്ത വായിക്കവേ എന്റെ പഴമനസ്സില്‍ തോന്നിയ ചില ചിന്തകളാണ് താഴെ നിങ്ങളുമായി പങ്കുവെക്കുവാന്‍ പോവുന്നത്.
  ഇത് തന്നെയാണോ നമ്മുടെ യോഗികള്‍ പറഞ്ഞിരുന്ന ബ്രഹ്മതത്വം..? അങ്ങനെയാണെങ്കില്‍ നമ്മുടെ നിരീശ്വരവാദികളും യുക്തിവാദികളും വാ പൊളിച്ചിരുന്നുകൊള്ളുക... കാരണം പ്രപഞ്ചത്തിലെ ശൂന്യസ്ഥലങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്ന അദൃശ്യമായ ഒരു ഊര്‍ജ്ജമണ്ഡലമുണ്ട് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാരും യോഗികളും ഇപ്പോഴുണ്ടെങ്കില്‍ ചിരിച്ചു മണ്ണുകപ്പിയേനേ.. ഈ ഒരു കാര്യം മനസ്സിലാക്കാന്‍ ഇവര്‍ എത്രയോ വര്‍ഷം കഠിനാധ്വാനം ചെയ്ത് പാഴാക്കിയല്ലോ എന്നോര്‍ത്ത്..
     എന്നുവെച്ച് ആധുനികശാസ്ത്രത്തെ അപ്പാടെ കളിയാക്കാന്‍ 'ഈയുള്ളവന് ' (ബ്ലോഗ് ഭാഷ) അശേഷം താല്‍പ്പര്യമില്ല. എല്ലാം കണ്ണുകൊണ്ട് കണ്ടും തെളിയിച്ചും മാത്രമേ വിശ്വസിക്കൂ എന്ന ശാഠ്യക്കാരനാണ് നമ്മുടെ സയന്‍സ് എന്നുമാത്രം. പാവം ഗലീലിയോയെ ഓര്‍മ്മയില്ലേ... അതായത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പോര, അതൊക്കെ തെളിയിക്കണം എന്നുപറയുന്ന പിടിവാശിക്കാരന്‍.
ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറിന്റെ ഉള്‍ഭാഗം

  ഇനി വാര്‍ത്തയിലേക്ക് വരാം. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥ ങ്ങളേയും സ്വാധീനിക്കാന്‍ ഈ ഊര്‍ജ്ജമണ്ഡലത്തിലെ ഹിഗ്‌സ് ബോസോണ്‍ എന്ന പേരിട്ട കണത്തിന് കഴിയും എന്നാണ് കരുതുന്നത്. അതായത് ഈ ഒരു കണമാണ് മനുഷ്യരെയും സര്‍വ്വജീവജാലങ്ങളേയും ഈ പ്രപഞ്ചത്തെതന്നെയും നിയന്ത്രിക്കുന്നതെന്ന് വരും കാലങ്ങളില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ തെളിയിച്ചാല്‍ അദ്ഭുതപ്പെടരുത്. സംശയിക്കേണ്ട... സ്വാഭാവികമായും അതു താനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലുള്ള ആശങ്ക നമുക്കുണ്ടായേക്കാം... 
        ഇനി ഒന്നേ അറിയാനുള്ളൂ.. ആധുനികശാസ്ത്രവും ആധ്യാത്മികതയും അവസാനം ഒരുമിച്ചുചേരുമോ...? പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തിയെ അറിയുന്നതോടെ ഈ പ്രപഞ്ചനാടകത്തിനും തിരശീല വീഴുമോ..? അതാണോ ദുരൂഹത നിറഞ്ഞ ഈ കഥയിലെ ക്ലൈമാക്‌സ്...?