Saturday, June 23, 2012

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..?

 

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ ഭുഗുരുത്വാകര്‍ഷണം (Gravitational force) എന്ന സംഭവം ഇല്ലെങ്കിലെന്തായിരുന്നു സംഭവിക്കുക എന്ന്? നമ്മളെല്ലാം ഭൂമിയെന്ന വലിയ പന്തിനു മുകളില്‍ നിന്നും പൊത്തോ എന്ന് താഴെ പോയേനേ അല്ലേ... അതായത് അഗാധപ്രപഞ്ചത്തിലേക്ക് മൂക്കും കൂത്തി വീണേനേ...! ഏറ്റവും വലിയ രസം അതല്ല, ഒരു കാന്തം സങ്കല്പിക്കുക. ഒരു ഇരുമ്പാണിയോ മറ്റോ അതിന്റെ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ അത് അതില്‍ ഒട്ടിപ്പിടിക്കും.. അതിനെ നീക്കാന്‍ അല്പം ബലം പ്രയോഗിക്കേണ്ടിവരും. അതായത് ഇതുപോലെയായിരുന്നു നമ്മുടെ ഭൂമിയുടെ കാന്തശക്തിയെങ്കില്‍ നമ്മളെല്ലാം ഭൂമിയില്‍ ഒട്ടിപ്പിടിച്ചുപോയേനേ... അതായത് നടക്കാനും ഓടാനുമൊന്നും സാധിക്കില്ല.. അത്ര തന്നെ...!

എന്നു വെച്ചാല്‍ ഈ ആകര്‍ഷണശക്തി ഒരു തരി കൂടിയാല്‍ നമ്മള്‍ നീങ്ങാനും പറ്റില്ല... കുറഞ്ഞാല്‍ നമ്മള്‍ താഴെ പോവുകയും ചെയ്യും.. അത്രയും കറക്ട് ആയി ഈ ശക്തി മുന്‍കൂട്ടി സെറ്റ് ചെയ്തുവെച്ചിരിക്കുകയാണ്. ചന്ദ്രനിലെ ഈ സെറ്റിംഗില്‍ അല്പം വ്യത്യാസമുള്ളതുകൊണ്ടാണ് അവിടെ മനുഷ്യര്‍ ഒഴുകി നടക്കുന്നതായി നമ്മള്‍ മനസ്സിലാക്കിയത്. അതേപോലെ തന്നെ സൂര്യനിലേക്ക് അടുക്കും തോറും ചൂടുകൂടുന്നതുകൊണ്ട് ആ ഗ്രഹങ്ങളില്‍ ജീവജാലങ്ങള്‍ ഉണ്ടാവില്ല.. ഭൂമിയില്‍ നിന്ന് അകലുന്തോറും തണുപ്പ് കൂടുന്നതുകൊണ്ട് അവിടെയും വാസയോഗ്യമാവാന്‍ സാധ്യതയില്ല.. അപ്പോള്‍ ഭൂമിയെന്ന ഒരേയൊരു ഗ്രഹമാണ് ജീവോത്ഭവത്തിനായി അനുയോജ്യമായി സൃഷ്ടിച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും..

ഇനി ഒരല്പം കൂടി മുന്നോട്ടു ചിന്തിക്കുക... നമ്മുടെ ഭൂമി എന്തുകൊണ്ടാണ് സൂര്യനു ചുറ്റും ഒരേ രേഖയില്‍ കൂടി കറങ്ങുന്നത്? അവിടെയുമുണ്ട് ഒരു ആകര്‍ഷണശക്തി. സൂര്യന്റെ ഈ ആകര്‍ഷണവലയത്തില്‍ നിന്ന് പുറത്തുപോയാല്‍ ഭൂമിയും അതോടൊപ്പം നമ്മളും പ്രപഞ്ചത്തില്‍ എവിടേയ്‌ക്കെങ്കിലും തൂത്തെറിയപ്പെടും.. അപ്പോള്‍ അവിടെയുമുണ്ട് കൂടുകയും കുറയുകയും ചെയ്യാത്ത ഒരു സെറ്റിംഗ്. അതായത്, ഗ്രഹങ്ങള്‍ തമ്മില്‍ തമ്മിലും ഗ്രഹങ്ങളും സൂര്യനും തമ്മിലുമുള്ള ആകര്‍ഷണശക്തിയാണ് ഓരോ ഗ്രഹത്തേയും അതാതിന്റെ ഭ്രമണപഥത്തിലൂടെ മാത്രം സഞ്ചരിക്കാനും ഒരേ അകലം പാലിക്കാനും സഹായിക്കുന്നത്. 

ഇനിയും കൂടുതല്‍ ചിന്തിച്ചാല്‍ സൂര്യന്‍ പോലും അതിന്റെ അച്ചുതണ്ടില്‍ തിരിയുകയും പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലേക്ക് ഏതോ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായാണ് ശാസ്ത്രത്തിന്റെ പുതിയ നിഗമനം... അപ്പോള്‍ ഇതുപോലെ അനേകം സൂര്യന്മാരും അതിനുചുറ്റും ഗ്രഹങ്ങളും ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ ഒരു വലിയ ശക്തിയും ഉണ്ടാവുമോ ? 


ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കിയാല്‍ എത്ര അത്ഭുതകരം അല്ലേ.. ഇന്നത്തെ ചിന്താവിഷയം ഇതായിക്കോട്ടെ...









Monday, June 11, 2012

മനസ്സിനെ കീഴടക്കാന്‍ തയ്യാറാണോ?

നാടുമുഴുവന്‍ ഡോക്ടര്‍മാരും ആശുപത്രികളും മരുന്നുഷാപ്പുകളും അതോടൊപ്പം രോഗികളും കൂടിക്കൂടി വരികയാണല്ലോ.. എല്ലാത്തിനും മരുന്നുണ്ട്. പക്ഷേ, മനസ്സിനെന്ത് മരുന്നുകൊടുക്കും.?


മനഃസ്സുഖം ഉണ്ടായാല്‍ തന്നെ പകുതി രോഗങ്ങള്‍ കുറയും. ഏറിയ പങ്കും അനാവശ്യമായ സങ്കല്പങ്ങളും ചിന്തകളും ആധികളുമാണ് ശരീരത്തില്‍ രോഗങ്ങളായി പരിണമിക്കുന്നത്. അപ്പോള്‍ മനസ്സിനെ കീഴടക്കാനായാല്‍ തന്നെ നാം പകുതി വിജയിച്ചെന്നര്‍ത്ഥം...


"ഉം.. പറയുന്നതൊക്കെ കൊള്ളാം പക്ഷേ എങ്ങനെ മനസ്സിനെ കീഴടക്കാം...? 



മനസ്സിനെ കീഴടക്കാന്‍

ഇത് അത്ര മല മറിക്കുന്ന പണിയൊന്നുമില്ല. ചുമ്മാ വെറുതേ ഇരിക്കുക. ന്നു വെച്ചാല്‍ കഴിയുന്നതും ചിന്തകളുടെ മേല്‍ കെട്ടിമറിയാതിരിക്കുക. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി അതേപ്പറ്റി ഓര്‍ത്ത് നമ്മുടെ വര്‍ത്തമാനവും ഭാവിയും കുഴപ്പത്തിലാക്കാതിരിക്കുക. കാരണം വര്‍ത്തമാനമാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. ഇന്നു നല്ലതുമാത്രം ചെയ്താല്‍ നാളെ അതിന്റെ നല്ലഫലങ്ങള്‍ അനുഭവിക്കാം. നേരെ മറിച്ച് ഇന്നു തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കിലോ, ന്നാലും അതിന്റെ മോശമായ ഫലം നാളെ അനുഭവിക്കും. അപ്പോള്‍ നാളെയെപ്പറ്റി ഓര്‍മ്മിച്ച് വ്യാകുലപ്പെടാതിരിക്കൂ സഹോദരാ... ഓരോ നിമിഷവും നല്ലതുമാത്രം ചെയ്യൂ.. 


രുചിയെ കീഴടക്കുക. 


ശുദ്ധമായ ഭക്ഷണം മാത്രം കഴിക്കുക. രുചിയുടെ പിന്നാലെ പോകരുത്. 

"ഭേഷ്.. നാം അതിനുവേണ്ടിയല്ലേ ജീവിക്കണത് തന്നെ."


കരിച്ചതും പൊരിച്ചതുമായ ഭക്ഷണം ശരീരത്തെയും മനസ്സിനെയും ഒരുപോലെ അപകടത്തിലാക്കും. കഴിക്കുന്ന ഭക്ഷണം പൂര്‍ണ്ണ മനസ്സോടെ സാവധാനം ചവച്ചരച്ചുകഴിക്കുക. പണ്ടൊക്കെ കല്യാണവീടുകളില്‍ ഭക്ഷണസമയമാകുമ്പോള്‍ പാട്ടുകള്‍ ഓഫ് ചെയ്യണമെന്നും, ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നും കാരണവന്മാര്‍ പറയാറുണ്ടായിരുന്നു. പൂര്‍ണമായും ശ്രദ്ധയോടെ കഴിക്കാന്‍ വേണ്ടിയായിരിക്കണം അത്. ഇന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് 'അടിപൊളി' പാട്ടുകള്‍ കേട്ടാല്‍ മാത്രമേ ചിലര്‍ക്ക് ചോറ് ഇറങ്ങൂ...! ഫാസ്റ്റ്ഫുഡും ഫ്രൈഡ് ചിക്കനുമൊക്കെ ഇന്ന് നാട്ടിന്‍പുറത്തുപോലും സുലഭമാണ്. ബിരിയാണി കഴിച്ചാല്‍ ഐസ്‌ക്രീം നിര്‍ബന്ധമാണ്.

നല്ലൊരു തേരാളിയാവുക.

രുചി മാത്രമല്ല, പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകളെയെല്ലാം കടിഞ്ഞാണിട്ടു പിടിക്കണം. എന്നാലേ മനസ്സ് ശാന്തമാകൂ.. ബുദ്ധിയെന്ന ആത്മാവിന്റെ ഭാഗം ഉപയോഗിച്ച് ഓരോ കര്‍മ്മങ്ങളും സസൂക്ഷ്മം വിശകലനം ചെയ്ത് ശരിയായ തീരുമാനത്തിലെത്തുക. ഇതിന് നമ്മുടെ സംസ്‌കാരത്തെയും കറകളഞ്ഞ് വൃത്തിയാക്കേണ്ടതുണ്ട്. 


"അപ്പോ കാമക്രോധലോഭമോഹങ്ങളൊന്നും പാടില്ലെന്നാണോ പറഞ്ഞുകൊണ്ടുവരുന്നത്? എന്തായാലും ക്രോധം നിയന്ത്രിക്കാന്‍ ശ്ശി ബുദ്ധിമുട്ട് തന്ന്യാ. ഉലക്കയും കൊണ്ട് വരുന്ന ഭാര്യയോട് വേദം ഓതീട്ട് കാര്യമുണ്ടോ? "

കോപിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ദോഷകരമായ രാസമാറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു. അതായത് നാം കോപിക്കുന്നതുകൊണ്ടുള്ള ദോഷം നമുക്കുതന്നെയാണ്. മറ്റുള്ളവര്‍ക്കല്ല. അതിനാല്‍ മറ്റുള്ളവര്‍ കോപിക്കുമ്പോള്‍ അതില്‍ സഹതപിച്ചുകൊണ്ട് പുഞ്ചിരിയോടെ നേരിടുക. 

"ഉം. എല്ലാം പറയാന്‍ എളുപ്പമാ.. ശ്രമിച്ചുനോക്കട്ടെ."


എന്തുകാര്യവും കണ്ണടച്ചു വിമര്‍ശിക്കാതെ ചെയ്തുനോക്കാം എന്ന മനോഭാവം ഉണ്ടായാല്‍ തന്നെ പകുതി വിജയിച്ചുകഴിഞ്ഞു. ഇനി ധൈര്യമായി മുന്നോട്ടുപോകാം. വിജയാശംസകള്‍...