Monday, October 1, 2012

മരണാനന്തരജീവിതമുണ്ടോ?




മനുഷ്യന്‍ അറിയാന്‍ ആഗ്രഹിച്ച ഏറ്റവും വലിയ പ്രഹേളികകളിലൊന്നാണ് ഈ ചോദ്യം... മരണത്തിനുശേഷം എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കാത്ത ഒരാളും ഉണ്ടാവില്ല. അല്ലേ.. ? എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഇന്നുവരെ ആര്‍ക്കും ഇതിന് കൃത്യമായൊരുത്തരം നല്‍കാന്‍ സാധിച്ചിട്ടില്ല. മരണത്തിനുശേഷം എല്ലാവര്‍ക്കും ഇതറിയാന്‍ സാധിക്കുമെങ്കിലും ജീവിച്ചിരിക്കുന്നവര്‍ക്ക് ഇതെങ്ങനെ അറിയാന്‍ സാധിക്കും.? 

നിരാശപ്പെടാന്‍ വരട്ടെ, ഇതിനുത്തരമാണ് മരിച്ചുജീവിച്ചു എന്നവകാശപ്പെടുന്ന ചിലര്‍. രോഗങ്ങളാലോ അപകടങ്ങളില്‍പ്പെട്ടോ മരണാസന്നരായി ആശുപത്രിയില്‍ കഴിഞ്ഞ ചിലര്‍ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നിട്ടുണ്ട്. അതായത് മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്ക് മടങ്ങിവന്നവര്‍. അത്ഭുതമെന്നുപറയട്ടെ, അങ്ങനെയുള്ളവരുടെ മൊഴിയില്‍ (NDE- Near death Experience)അതിശയകരമായ സാദൃശ്യം കാണുന്നുമുണ്ട്. പലരുടെ അഭിപ്രായങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ അത് ഇങ്ങനെ വായിക്കാം...

'ആശുപത്രിക്കിടക്കയില്‍ കിടക്കവേ പെട്ടെന്ന് മുകളിലേക്കുയരുന്നതായി തോന്നുന്നു. തന്റെ ശരീരത്തേയും അതില്‍ ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന ഡോക്ടര്‍മാരേയും ഒരുതരം നിര്‍വ്വികാരതയോടെ കാണാന്‍ സാധിക്കുന്നു. പെട്ടെന്നുതന്നെ ഒരു വലിയ ടണലിലൂടെ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി അറിയുന്നു... ഒപ്പം തന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതലുള്ള പ്രധാന സംഭവങ്ങള്‍ ഒരു സിനിമ പോലെ ദര്‍ശിക്കാനാവുന്നു. ടണലിന്റെ അറ്റത്ത് പ്രകാശോജ്ജ്വലമായ ഒരു രൂപം അവരെ സ്വാഗതം ചെയ്യുന്നു.കണ്ണഞ്ചിക്കുന്ന ആ രൂപത്തെ ദര്‍ശിക്കുമ്പോള്‍ അനിര്‍വ്വചനീയമായ ശാന്തത മനസ്സിനെ വിലയം ചെയ്യുന്നു. ആ ശാന്തതയില്‍ ലയിച്ചു നില്‍ക്കാന്‍ മനസ്സ് ആഗ്രഹിക്കുന്നുവെങ്കിലും പെട്ടെന്നുതന്നെ പഴയ ആശുപത്രിക്കിടക്കയിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതനായിത്തീരുന്നു.'' ഈ വിവരണം എത്രമാത്രം സത്യമാണെന്നറിയില്ലെങ്കിലും മിക്കവരുടേയും വാക്കുകളില്‍ ഈ ടണലും പ്രകാശരൂപവും എല്ലാം ഉണ്ട്. 

ഒരു യോഗിനി പറഞ്ഞ കഥയനുസരിച്ച്, വടക്കേ ഇന്ത്യയിലെ ഒരു ചാനല്‍ ജീവനക്കാരനും ഇതുപോലെ മരണത്തില്‍ നിന്നും തിരിച്ചുവന്നിട്ടുണ്ട്. കഴിഞ്ഞുപോയ ജീവിതത്തിലെ പ്രധാനസംഭവങ്ങളോടൊപ്പം അയാള്‍ പൂര്‍വ്വജന്മത്തില്‍ മരിക്കാനിടയായ സംഭവവും അയാള്‍ക്കുമുമ്പില്‍ ദൃശ്യമായി. ഒരു കടല്‍ത്തീരത്തിരിക്കുമ്പോള്‍ ആരോ അയാളെ പിന്നില്‍ നിന്നും ആയുധംകൊണ്ട് അടിച്ചുവീഴ്്ത്തുന്നതായിരുന്നു ആ ദൃശ്യം. സംഭവത്തിനുമുമ്പ് അല്പം അഹങ്കാരിയും സഹപ്രവര്‍ത്തകരെ മാനിക്കാത്ത ആളുമായിരുന്ന അയാള്‍ ഈ തിരിച്ചുവരവിന്‌ശേഷം ആകെ മാറി. അതായത് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആയിമാറി ഈ ജീവിതത്തിലേക്ക് തിരിച്ചുവരല്‍ സംഭവം.

ഇതിന്റെ ആത്മീയവശമെന്തെന്നാല്‍, ഏതൊരാള്‍ക്കും നമ്മള്‍ പുറമെകാണുന്ന സ്ഥൂലശരീരത്തിനൊപ്പം തന്നെ കണ്ണുകള്‍ക്ക് കാണാന്‍ സാധി്ക്കാത്ത ഒരു സൂക്ഷ്മശരീരവും ഉണ്ടെന്നാണ് യോഗികള്‍ പറയുന്നത്. അതിന്ദ്രീയധ്യാനത്തിലൂടെ പല യോഗികള്‍ക്ക് ഇത് കാണാന്‍ സാധിക്കും. മരണശേഷം സ്ഥൂലശരീരം നശിക്കുമെങ്കിലും സൂക്ഷ്മശരീരവും അതോടൊപ്പം ആത്മാവും നശിക്കുന്നില്ല. സ്വാഭാവികമരണമാണെങ്കില്‍ സൂക്ഷ്മശരീരവും ആത്മാവും (സമയമെത്തുമ്പോള്‍) മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കുന്നു. അസ്വാഭാവികമരണത്തില്‍ ഇത് സംഭവിക്കുന്നതിന് കാലതാമസമുണ്ടായേക്കാം. ഗതികിട്ടാതെ അലയുക എന്നു പഴമക്കാര്‍ പറയുന്നതിനെ ഇതിനോട് ചേര്‍ത്തുവായിക്കാം. 

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ അറിയില്ലേ... ഏറെ സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യയുടെ അകാലവിയോഗത്തില്‍ മനംനൊന്ത്, മരണശേഷം ആത്മാക്കള്‍ക്കെന്തുസംഭവിക്കുന്നു എന്നും, കഴിയുമെങ്കില്‍ അവരോട് സംസാരിക്കുന്നതിനുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച് അദ്ദേഹം ഈ വിഷയത്തില്‍ ഒരു ഗവേഷണം തന്നെ നടത്തി. ഈ വിഷയത്തിലെ പ്രശസ്തരായ പലരെയും ചെന്നുകണ്ടും, പല പുസ്തകങ്ങളില്‍ ചികഞ്ഞും, Mediator മാര്‍ എന്നറിയപ്പെടുന്ന ആത്മാക്കളോടു സംസാരിക്കാന്‍ കഴിയും എന്ന് അവകാശപ്പെടുന്ന പലരെയും സമീപിച്ചും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെയെല്ലാം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം 'മരണാനന്തരജീവിതം' എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാണ്.

നീരജ ഭാനോട്ട് എന്നൊരു ധീരവനിതയെപ്പറ്റി കേട്ടിട്ടുണ്ടോ? റാഞ്ചികളില്‍ നിന്ന് വിമാനയാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ 1986 സെപ്റ്റംബര്‍ 5 ന്‌ അവര്‍ വെടിയേറ്റുമരിച്ചു. ധീരതയ്ക്കുള്ള പരമോന്നത അവാര്‍ഡായ അശോകചക്രയും ആ വനിതയ്ക്ക് മരണാനന്തരബഹുമതിയായി ലഭിച്ചിട്ടുണ്ട്.


നീരജ ഭാനോട്ട് 
അന്നത്തെ പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ആ രൂപം. ഇതെന്തിനാണിപ്പോ ഇവിടെ പറഞ്ഞതെന്നോ? മരണശേഷം ഈ വനിത അവളുടെ മാതാപിതാക്കളുമായി സ്ഥിരമായി സംസാരിക്കുമായിരുന്നുവെന്ന്‌  പറയപ്പെട്ടിരുന്നു. പരലോകത്തുനിന്ന് നീരജയുടെ ആത്മാവ് പറഞ്ഞ് എഴുതിയെടുത്തതായി വിശ്വസിക്കുന്ന അവിടുത്തെ വിശേഷങ്ങളൊക്കെ അറിയിക്കുന്ന ഒരു കത്തും ഈ പുസ്തകത്തിലുണ്ട്. 

ഇതെല്ലാം വിശ്വസിക്കണമെന്ന് ഞാന്‍പറയില്ല. ഇങ്ങനെയൊക്കെ ചില കാര്യങ്ങള്‍ ചിലരൊക്കെ അഭിപ്രായപ്പെടുന്നുണ്ടെന്ന് മാത്രം മനസ്സി ലാക്കിയാല്‍ മതി.

ജീവിതം എന്നത് ആവര്‍ത്തിക്കപ്പെടുന്ന ഒരു ചാക്രിക പ്രതിഭാസമാണ്. കര്‍മ്മഫലങ്ങള്‍ കാരണം നാം അനേകജന്മങ്ങളെടുക്കേണ്ടിവരുന്നു. ഓരോ മരണവും ഒരു ചെറിയ ഉറക്കത്തിന് സമാനമാണ്. മറ്റൊരു ജന്മത്തിലേക്ക് ഉണരാന്‍ വേണ്ടിയുള്ള ഉറക്കം. അങ്ങനെ നോക്കുമ്പോള്‍, അനേകജന്മങ്ങള്‍ക്കിടയില്‍, കഴിഞ്ഞുപോയ ഒരു ജന്മത്തിനുമാത്രം എന്തു പ്രസക്തി ? 

പലരുടെയും മനസ്സില്‍ ഒരു ഇപ്പോള്‍ ഒരു സംശയം ഉദിച്ചിട്ടുണ്ടാവാം.... അപ്പോള്‍ ഈ പ്രേതങ്ങള്‍, യക്ഷികള്‍ ഒക്കെ സത്യമാണോ എന്ന് ? പ്രേതങ്ങളെ ഒക്കെ നേരിട്ടുകണ്ടു എന്നവകാശപ്പെടുന്ന ഒരുപാട് പേരുടെ കഥകള്‍ ഗവേഷണബുദ്ധിയോടെ കേള്‍ക്കാനിടയായിട്ടുണ്ട് ഞാന്‍. അത്തരം കഥകള്‍ സ്ഥലപരിമിതി മൂലം വിവരിക്കാനാവാത്തതില്‍ ക്ഷമിക്കുക. ഇതുവരെയുള്ള എന്റെ അന്വേഷണ ഗവേഷണങ്ങള്‍ കൊണ്ടും പലവിധ ഗ്രന്ഥങ്ങളുടെ സഹായത്താലും ഞാന്‍ എത്തിച്ചേര്‍ന്നത് ഇത് നേരത്തെ പറഞ്ഞ സൂക്ഷ്മശരീരങ്ങളായിരിക്കാമെന്നാണ്. നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് രൂപം തന്നെയായിരിക്കും സൂക്ഷ്മശരീരത്തിനും. പക്ഷേ അത് വെറും ഊര്‍ജ്ജശരീരം (Energy body) മാത്രമായിരിക്കും. വെളുത്ത പ്രകാശം പോലെ തിളങ്ങുന്ന ഈ സൂക്ഷ്മശരീരം (യക്ഷികളുടെ വേഷം എല്ലായ്‌പോഴും വെള്ളസാരിയാണെന്ന തമാശ ഇതിനോട് ചേര്‍ത്തുവായിക്കുക) സാധാരണക്കാര്‍ക്ക് കാണാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ചില Extra ordinary sense ഉള്ള ചിലര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. ഇത്തരക്കാരായിരിക്കും പലപ്പോഴും ഈ Energy body കണ്ടെന്ന് അഭിപ്രായപ്പെടുന്നത്. ഒരു യോഗിനിയുടെ അഭിപ്രായപ്രകാരം ഇത്തരം body കള്‍ പക്ഷേ മനുഷ്യരെ ഉപദ്രവിക്കുമെന്ന് വിശ്വസിക്കാനാവില്ല. ചില പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ഇവ ചിലപ്പോള്‍ അല്പനേര ത്തേക്കുമാത്രം മനുഷ്യശരീരത്തില്‍ കടന്നുകൂടാനിടയുണ്ടെന്നുമാത്രം.

മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള ചിന്തകളും നിരീക്ഷണങ്ങളും അനവധിയാണ്. ഒരു ചെറിയ ബ്ലോഗില്‍ അവ ഒതുക്കാനാവില്ല. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.. വായനക്കാരുടെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കാന്‍ മറക്കരുതേ....