Saturday, August 25, 2012

സ്വപ്‌നങ്ങള്‍ക്ക് തിരക്കഥയെഴുതുന്നത് ആര്?

ചിങ്ങമാസത്തിലെ തണുപ്പുള്ള പ്രഭാതം.. കുളിരുകോരുന്ന മഴയത്ത് തലവഴി മൂടിപ്പുതച്ച്, മനോഹരമായ സ്വപ്‌നത്തിന്റെ സുഷുപ്തിയില്‍ ലയിച്ചുറങ്ങുമ്പോഴായിരിക്കും 'ചുരുണ്ടുകിടന്നുറങ്ങാതെ എണീക്കെടാ' എന്ന മൊബൈല്‍ അലാമിന്റെ ഘനമുള്ള ശബ്ദം... സുന്ദരമായ സ്വപ്‌നത്തിന് അതോടെ പര്യവസാനം. ഛെ! എത്ര മനോഹരമായ സ്വപ്‌നമായിരുന്നു. പിന്നീട് എത്ര ശ്രമിച്ചാലും അതിന്റെ ബാക്കി ഭാഗം പ്ലേ ചെയ്തുകാണാനും കഴിയില്ല.
എന്താണ് ഈ സ്വപ്‌നത്തിന്റെ രഹസ്യമെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ..? ആലോച്ചിച്ചാല്‍ എത്തും പിടിയും കിട്ടില്ല. ചിലത് സുന്ദരമായ സ്വപ്‌നങ്ങളാണെങ്കില്‍ മറ്റു ചിലത് പേടിപ്പെടുത്തുന്നവായിയിരിക്കും. മനുഷ്യന്‍ സ്വപ്‌നംകാണാന്‍ തുടങ്ങിയ നാള്‍ മുതല്‍ തന്നെ അതെന്താണെന്നറിയാനുള്ള അന്വേഷണവും ആരംഭിച്ചിരിക്കും. ശാസ്ത്രം പറയുന്നത് ഇതെല്ലാം ഉപബോധമനസ്സി (Subconscious mind) ന്റെ കളികളാണെന്നാണ്. നാം ഉണര്‍ന്നിരിക്കുമ്പോള്‍ മുഴുവന്‍ ജോലിചെയ്യുന്ന ബോധമനസ്സ് (Conscious mind) നാം ഉറങ്ങുമ്പോള്‍ തന്റെ അസിസ്റ്റന്റിനെ (Subconscious mind) ജോലിയേല്‍പ്പിച്ച് വിശ്രമിക്കുന്നു. കിട്ടിയ അവസരം മുതലെടുത്ത് അസിസ്റ്റന്റ്, ബോസിന്റെ പക്കല്‍ സ്റ്റോര്‍ ചെയ്തുവെച്ച ചില ചിത്രങ്ങളും അല്ലറചില്ലറ മറ്റു ദൃശ്യങ്ങളും എല്ലാം ചേര്‍ത്ത് വിസ്മയകരമായ ചിത്രങ്ങള്‍ സൃഷ്ടിച്ച് നമ്മെ അമ്പരപ്പിക്കുന്നു. ചിലതിന് തലയും വാലും ഒന്നും കാണില്ല. യുക്തിരഹിതമായ ദൃശ്യങ്ങള്‍ അടുക്കിവെച്ചതുപോലെയുള്ള ഇത് കണ്ടാല്‍ നമുക്ക് ഒന്നും മനസ്സിലാവുകയില്ല. എന്നാല്‍ അപൂര്‍വ്വം ചിലത് നല്ല തിരക്കഥയും സംവിധാനവും ഒക്കെ ചേര്‍ന്ന മനോഹരമായ ഒരു ദൃശ്യവിരുന്നായിരിക്കും. അപ്പോള്‍ ന്യായമായും ഒരു സംശയം ഉയരുന്നു... ആരാണീ സ്വപ്‌നങ്ങള്‍ക്ക് തിരക്കഥയെഴുതുന്നത്?
മുമ്പ് പലപ്പോഴും ഞാന്‍ കാണാറുണ്ടായിരുന്ന ഒരു  സ്വപ്‌ നം ഇതാണ്. രാത്രി ഒരു വഴിയിലൂടെ വരുമ്പോള്‍ മുന്നില്‍ മുഴുവനും ഇഴജന്തുക്കളും പാമ്പുകളും മറ്റും നിറഞ്ഞിരിക്കുന്നു. എങ്ങനെ മുമ്പോട്ടുപോവുമെന്ന് ചിന്തിച്ചുവിഷമിക്കുന്നതിനുമുമ്പ് കാലുകള്‍ നിലത്തുതൊടാതെ എനിക്ക് പറക്കാന്‍ സാധിക്കുന്നു. ഒറ്റച്ചാട്ടത്തിന് പറന്നുപറന്ന് തെങ്ങിന്റെയും മറ്റു വൃക്ഷങ്ങളുടെയും ഉയരത്തിലെത്തും. എന്തുരസം..!

സ്വപ്‌നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടോ?
''സ്വപ്‌നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടായിരുന്നെങ്കില്‍ സ്വര്‍ഗ്ഗങ്ങളെല്ലാം നമുക്ക് സ്വന്തം..'' എന്ന പാട്ടുകേട്ടിട്ടില്ലേ.. കുറേ ചിന്തകന്‍മാര്‍ സ്വപ്‌നങ്ങളുടെ അര്‍ത്ഥം തേടി അലഞ്ഞിട്ടുണ്ട്. ആധുനിക മനശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ സ്വപ്‌നം എന്നത് അബോധമനസ്സില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ബഹിര്‍സ്ഫുരണമാണ്. എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും അങ്ങനെ ആവണമെന്നില്ലെന്ന് ഒന്നു ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും. ചിലത് അന്ന് നമ്മള്‍ കടന്നുപോയ ദൃശ്യങ്ങള്‍ വെച്ച് ഒരു അപൂര്‍ണ രചന ആയിരിക്കും. 'സ്വപ്‌നം ചിലര്‍ക്ക് ചിലകാലമൊത്തിടാം' എന്ന ചൊല്ലു പോലെ ചിലര്‍ സ്വപ്‌നം കണ്ടത് പിന്നീട് ഫലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വപ്‌നവും ദൈവികതയും
ഇതില്‍ ദൈവികതയുടെ സ്പര്‍ശമുണ്ടോ? അബോധമനസ്സ് ആത്മീയതയിലേക്കുള്ള ഒരു കണ്ണിയാണെന്നു പറയാം. പരമാത്മാവ് spritual soul ന്റെ സ്വാധീനം കൂടുതലുള്ള മേഖലയാണ് ഉപബോധമനസ്സ്. ധ്യാനം തുടങ്ങിയ രീതികള്‍ ഇതിനെ ശരിവെക്കുന്നു. ഉപബോധമനസ്സിന്റെ ശക്തിയെക്കുറിച്ച് നാം ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.. ശരിയായി ട്രെയിന്‍ ചെയ്‌തെടുത്താല്‍ ഒരു വ്യക്തിയ്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് ശാസ്ത്രം പറയുന്നത്. 
അബോധമനസ്സെന്ന ഒരു വിഭാഗം കൂടി മനസ്സിനുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്തൊക്കെയായാലും മനസ്സെന്ന യാഗാശ്വം ഇതുവരെ ഒരു ശാസ്ത്രത്തിനും പിടികൊടുത്തിട്ടില്ല. മനുഷ്യവംശത്തിന് ഇനി അതിനെ മെരുക്കാനും കഴിയുമെന്നുതോന്നുന്നില്ല. 
തികഞ്ഞ കൃഷ്ണഭക്തയായിരുന്നു എന്റെ ഒരു മുത്തശ്ശി... വാര്‍ദ്ധക്യത്തില്‍ കാലൊടിഞ്ഞ് കിടപ്പിലായി അവസാനനാളുകളിലൊന്നില്‍ ഇങ്ങനെ ഒരു സ്വപ്‌നം കണ്ടെന്ന് ഞങ്ങള്‍ കുട്ടികളോട് പറഞ്ഞു... 'അതിശയകരമായ ഒരു ചെണ്ടവാദ്യം കേള്‍ക്കുന്നു... ഗുരുവായൂര്‍ നടപോലെ തോന്നിക്കുന്ന അമ്പലത്തില്‍ നിന്നാണ് ഈ കര്‍ണ്ണാനന്ദകരമായ ചെണ്ടമേളം മുഴങ്ങുന്നത്.. അതോടൊപ്പം പ്രകാശോജ്ജ്വലമായ ഒരു രൂപവും ദര്‍ശിക്കാന്‍ കഴിഞ്ഞു. ശ്രീകൃഷ്ണഭഗവാന്റെ കണ്ണഞ്ചിക്കുന്ന ഒരു രൂപം... അതിനെ വര്‍ണ്ണിക്കാന്‍ മുത്തശ്ശിക്ക് വാക്കുകളൊന്നും കിട്ടുന്നില്ല. വാക്കുകള്‍ക്കെല്ലാം അതീതമായിരുന്നു ആ രൂപമെന്ന്ാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. അതിന് ശേഷം കുറച്ചു നാളുകള്‍ക്കുള്ളില്‍ മുത്തശ്ശി ഞങ്ങളെ വിട്ടുപോയി. കാഴ്ചശക്തിയും കേള്‍വിശക്തിയും കുറഞ്ഞ ആ കാതുകളിലും കണ്ണുകളിലും കര്‍ണ്ണാനന്ദകരമായ ചെണ്ടമേളവും വര്‍ണ്ണോജ്ജ്വലമായ രൂപവും അനുഭവിപ്പിച്ചത് ഏതോ ഒരു ശക്തിവിശേഷം തന്നെയെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. 

അപ്പോള്‍ സ്വപ്‌നം എന്നത് ഒരു പ്രഹേളികയായി തന്നെ തുടരുന്നു. ഇനി
സ്വപ്‌നത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളെല്ലാം എഴുതുമല്ലോ..